ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല; ഉന്നതതലയോഗത്തിൽ തീരുമാനം
തീപിടിത്തമുണ്ടായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ജൈവമാലിന്യം കഴിവതും ഉറവിടത്തിൽ സംസ്ക്കരിക്കാൻ നിർദേശം നൽകും. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു.
ജൈവ മാലിന്യ സംസ്ക്കരണത്തിന് വിൻഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയർ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടർ, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരടങ്ങിയ എംപവേർഡ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിക്കും. മന്ത്രിമാരും മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങൾ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 300 അഗ്നിശമന സേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകൾ, 4 ഹെലികോപ്റ്ററുകൾ, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകൾ, 36 ഹിറ്റാച്ചി ജെസിബികൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനം നടത്തി വരികയാണ്.
യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, എം.ബി. രാജേഷ്, വീണ ജോർജ്, കൊച്ചി മേയർ എം.അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.വി.വേണു, ശാരദാ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ഫയർ ഫോഴ്സ് ഡയറക്ടർ ബി.സന്ധ്യ, ജില്ലാ കലക്ടർ ഡോ.രേണു രാജ് തുടങ്ങിയവർ സംസാരിച്ചു. എയർഫോഴ്സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പങ്കെടുത്തു.