‘അഴിമതിയുടെ തീ കെടുന്നില്ല, കൊച്ചിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം’; ബ്രഹ്മപുരം തീപിടിത്തത്തിൽ വി.ഡി സതീശൻ
കൊച്ചിയിലും പരിസരത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെയുണ്ടായ വിഷപ്പുക ശ്വസിച്ച് ആർക്കും ആരോഗ്യ പ്രശ്നമില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. കടുത്ത പുകമൂലം പ്രഭാത നടത്തിനിടെ ശ്വസന ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി ഹൈക്കോടതി ജഡ്ജ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. വിഷപ്പുക ശ്വസിച്ച് ആളുകൾ തലകറങ്ങി വീഴുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ആരോഗ്യ-തദ്ദേശ സ്വയം ഭരണ വകുപ്പുകൾ നിഷ്ക്രിയമാണ്. വായു മലിനീകരണം പരിഹരിക്കുന്നതിനും ആരോഗ്യ സുരക്ഷാ ഉറപ്പ് വരുത്തുന്നതിനും ഒന്നും തന്നെ ചെയ്യുന്നില്ല. തീപിടിത്തത്തിന് പിന്നിൽ നടന്നിരിക്കുന്നത് കരാറുകാരുടെ ഗുരുതരമായ കുറ്റകൃത്യമാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണഞ്ഞാലും അഴിമതിയുടെ തീ കെടുന്നില്ല. കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിലെ കുറ്റക്കാരെ കണ്ടെത്തണമെന്നും വി.ഡി സതീശൻ പറഞ്ഞു.
കേരളത്തിനാകെ അപമാനകരമാണ് ഈ സംഭവം. അടിയന്തര ഗൗരവത്തോടെ സർക്കാർ ഈ വിഷയം നേരിടണം. ഇങ്ങനെയൊരു സാഹചര്യം നേരിടാൻ സർക്കാരിനായില്ലെങ്കിൽ കേന്ദ്രസർക്കാരിൻ്റെ സഹായം തേടണം. മാർച്ച് രണ്ടിന് വൈകിട്ടാണ് ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടായത്. ഇത്ര ദിവസമായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് ഒന്നും തന്നെ ചെയ്യാനായിട്ടില്ല. ആശുപത്രികളിൽ വരെ പുക നിറയുന്ന അവസ്ഥയാണ്. ഇതേക്കുറിച്ചുള്ള അന്വേഷണ പരിധിയിൽ ആരു വന്നാലും പ്രശ്‍നമില്ല. കോൺഗ്രീസുകാർക്ക് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കാമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.