റിമോട്ട് ഗേറ്റും വളർത്തുനായയും തീ അണക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിന് തടസ്സമായി; ഒടുവിൽ ദാരുണാന്ത്യവും
വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയും. തീ ഉയരുന്നത് കണ്ട അയൽവാസി ആളുകളെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഗേറ്റ് പെട്ടെന്ന് തുറക്കാൻ സാധിച്ചില്ല. മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതും മതിൽ ചാടിക്കടന്ന് തീ അണക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് വിലങ്ങുതടിയായി
മതിലിന് പുറത്ത് നിന്ന് വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. പിന്നീട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ഗേറ്റ് തകർത്ത ശേഷമാണ് അകത്തുകടന്ന് തീ അണയ്ക്കാനായത്.
വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപൻ, ഭാര്യ ഷേർലി, ഇളയ മകൻ അഖിൽ, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത മകൻ നിഖിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നാണോ തീ പടർന്നതെന്ന സംശയവുമുണ്ട്.