മരടിൽ പുഴുവരിച്ച മീൻ പിടികൂടിയ കേസ്; കണ്ടെയ്നറുകളുടെ ഉടമയെ കണ്ടെത്തി
മരടിൽ നിന്ന് പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ടു കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി.വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് വാഹനങ്ങൾ. കണ്ടെയ്നറുകൾ വാടകയ്ക്ക് നൽകിയതാണെന്നും പഴകിയ മീൻ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ലക്ഷ്മി പ്രസാദ് നഗരസഭയെ അറിയിച്ചു.
എറണാകുളം മരടിൽ രണ്ടു കണ്ടെയ്നറുകളിൽ ആയി പഴകിയ മീൻ പിടികൂടിയ സംഭവത്തിൽ കണ്ടെയ്നർ ലോറികളുടെ ഉടമയായ ലക്ഷ്മി പ്രസാദിനോട് നേരിട്ട് ഹാജരാക്കണമെന്ന് മരട് നഗരസഭ അറിയിച്ചിട്ടുണ്ട്.
കണ്ടെയ്നറുകൾ തന്റേതാണെന്നും എന്നാൽ പഴകിയ മീൻ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ലക്ഷ്മിപ്രസാദ് പറഞ്ഞു.
ലോറികൾ വാടകയ്ക്ക് നൽകിയതാണ്. വിജയവാഡയിലാണ് ഉള്ളതെന്നും നഗരസഭയിൽ നേരിട്ട് എത്താം എന്നും ലക്ഷ്മി പ്രസാദ് അറിയിച്ചു. കണ്ടെയ്നറുകൾ മരട് നഗരസഭയുടെ പക്കലാണ്. ഉടമ നേരിട്ട് എത്തിയാലെ കണ്ടെയ്നറുകൾ വിട്ടു നൽകു എന്ന് മരട് നഗരസഭയുടെയും നിലപാട്.ലോറികളുടെ ഡ്രൈവർമാരോടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
പുഴുവരിച്ച നിലയിലുള്ള മത്സ്യം കൊച്ചിയിലെത്തിയത് ആർക്കുവേണ്ടിയാണ് എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്. പഴകി മത്സ്യത്തിന്റെ സാമ്പിൾ വിശദ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബിൽ അയച്ചിട്ടുണ്ട്.