തൊടുപുഴ ഡിവൈഎസ്പി മധുബാബു മർദ്ദിച്ചെന്ന കേസിൽ നിന്ന് പിന്മാറാൻ സമ്മർദമെന്ന് പരാതിക്കാരൻ
തൊടുപുഴ ഡിവൈഎസ്പി എംആർ മധുബാബു മർദ്ദിച്ചുവെന്ന കേസിൽ പിന്മാറാൻ സമ്മർദ്ദമെന്ന് പരാതിക്കാരനായ മുരളീധരൻ. കൊല്ലുമെന്ന് ഇടനിലക്കാരനെ വിട്ട് ഭീഷണിപ്പെടുത്തിയതായി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന കേസിൽ ഡിവൈഎസ്പി മധുബാബുവിനെതിരെ മുരളീധരൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചത്. പിന്മാറിയാൽ പണമടക്കം എന്തും നൽകാമെന്നായിരുന്നു വാഗ്ദാനം. പിന്മാറില്ലെന്ന് അറിയിച്ചതോടെ ഭീഷണി തുടങ്ങി.
ഇതിന് പിന്നാലെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് മുരളീധരൻ പരാതി നൽകിയത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി. ഡിസംബർ 21നാണ് തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ വച്ച് ഹൃദ്രോഗിയായ മലങ്കര സ്വദേശി മുരളീധരന് മർദ്ദനമേറ്റത്. കേസിൽ ഡിവൈഎസ്പി മധുബാബുവിനെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.