Wednesday, April 16, 2025
Kerala

സാമ്പത്തിക ഭദ്രതയില്ലാത്ത വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കും; വിദേശ സർവകലാശാലകൾ അനുവദിക്കുന്നതിനെതിരെ സിപിഐഎം

രാജ്യത്ത് വിദേശ സർവകലാശാലകൾ അനുവദിക്കുന്നതിനെതിരെ സിപിഐഎം രംഗത്തുവന്നു. ഫീസിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ല എന്നത് പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രകാശ് കാരാട്ട് പറയുന്നു.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വിദേശ സർവകലാശാലകൾ പ്രവർത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ രൂപരേഖയുടെ കരട് യുജിസി പുറത്തിറക്കിയത്. ഈ പശ്ചാത്തലത്തിലാണ് സിപിഐഎം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ വിദേശ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കും എന്നാണ് സിപിഐഎമിൻ്റെ നിലപാട്. പ്രത്യേകിച്ച് യുജിസി പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകൾക്ക് അവരുടെ ഫീസ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമുണ്ട്. അത് പലർക്കും ഈ സർവകലാശാലകളിൽ വിദ്യാഭ്യാസം സാധ്യമാകാത്ത സാഹചര്യം ഒരുക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. അത് വിദ്യാഭ്യാസ മേഖലയിൽ ഇത്തരത്തിൽ ഒരു ഉച്ചനീചത്വങ്ങൾക്ക് വഴിവെക്കും എന്നും സിപിഐഎം വിലയിരുത്തുന്നു.

ഇത് വിശദമായി തന്നെ സിപിഐഎം വരും യോഗങ്ങളിൽ വിലയിരുത്തും. തുടർന്ന് പൊതുജനാഭിപ്രായം രൂപീകരിച്ചുകൊണ്ട് ഈ നീക്കത്തിനെതിരായ സമരപരിപാടികൾ അടക്കമുള്ള കാര്യങ്ങൾക്ക് യുവജന വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് മുന്നോട്ട് പോകാനുള്ള നീക്കമാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പ്രതികരണങ്ങളും നീക്കങ്ങളും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *