കുതിരാനിലെ രണ്ടാം തുരങ്ക നിർമ്മാണം തടസ്സപ്പെടുമോ; യന്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ട് കമ്പനി
വടക്കഞ്ചേരി: കുതിരാനിലെ രണ്ടാം തുരങ്കവും തുറന്നുകൊടുക്കാൻ നിർമാണം പുരോഗമിക്കുന്നതിനിടെ യന്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ട് ഉപകരാർ കമ്പനി പൊലീസിനെ സമീപിച്ചു. ഇടതു തുരങ്കത്തിന്റെ 95 ശതമാനവും വലതു തുരങ്കത്തിന്റെ 70 ശതമാനവും പൂർത്തിയായപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞു മാറ്റിയെന്നും ആറുവരിപ്പാതയുടെ കരാറുകാരായ കെഎംസി 36 കോടി രൂപയോളം പ്രഗതിക്കു നൽകാനുണ്ടെന്നും ഇവർ ആരോപിക്കുന്നു.
തുരങ്കം നിർമിച്ച പ്രഗതി എൻജിനീയറിങ് ആൻഡ് റെയിൽ പ്രോജക്ട് കമ്പനിയാണു കോൺക്രീറ്റിങ് യന്ത്രവും മണ്ണുമാന്തിയും ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളും ആവശ്യപ്പെട്ടു പരാതി നൽകിയത്. തുരങ്ക നിർമാണത്തിന് ഇപ്പോഴും തങ്ങളുടെ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വാടക നൽകുന്നില്ലെന്നും പ്രഗതി ഗ്രൂപ്പ് പിആർഒ വി.ശിവാനന്ദൻ പീച്ചി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു