Thursday, January 9, 2025
Kerala

രാഹുലിന്റെ തിരിച്ചുവരവ് ജനാധിപത്യത്തിന്റെയും നീതിയുടെയും വിജയം; ശശി തരൂർ

രാഹുൽ ​ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപി രാഹുലിന്റെ ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ കോണുകളും രാഹുലിന്റെ ശബ്ദം കേൾക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.

ഫ്രാൻസിലെ ആർഎഫ്‌ഐ, ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, സിഎൻഎൻ ബ്രസീൽ, ദി വാഷിങ്ടൻ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ വാർത്ത വലിയ പ്രാധാന്യത്തോടെ നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക് എത്തുകയാണ്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വവും ഇന്ന് പുനഃസ്ഥാപിച്ചു.

ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള തിരിച്ചുവരവ്. ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുൽ ഗാന്ധി അയോഗ്യത ഒഴിവായെങ്കിലും ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ. നാളെ നടക്കുന്ന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കാനായിരുന്നു കോൺഗ്രസിന്റെ തിരക്കിട്ട നീക്കം.

രണ്ട് ദിവസം മണിപ്പൂർ സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കിയ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ചർച്ചകളിൽ വേണമെന്നാണ് ഇന്ത്യ മുന്നണി നേതാക്കളുടെയും നിലപാട്. നിയമത്തിന്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടി സർക്കാർ നടപടികൾ വൈകിപ്പിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ടായിരുന്നു. അത്തരം നീക്കം ഉണ്ടായാൽ നിയമപരമായി നേരിടുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *