മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ ന്യൂനമർദത്തിന്റെ തീവ്രത അവസാനിക്കും മുമ്പ് ഒമ്പതാം തീയതി മറ്റൊരു ന്യൂനമർദം കൂടി ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളും.
ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കാണ് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
കേരളത്തിലാകെ ഇതുവരെ 52 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 621 കുടുംബങ്ങളിലായി 2261 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ ഏറ്റവും കൂടുതൽ പേരുള്ളത് വയനാട് ജില്ലയിലാണ്. 29 ക്യമ്പുകളാണ് വയനാട് തുറന്നത്. 1613 പേർ വിവിധ ക്യാമ്പുകളിലായുണ്ട്. ദുരന്തസാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങൾ കൂടി കേരളത്തിലെത്തിയിട്ടുണ്ട്.
കേരളാ തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് കടലിൽ പോകരുത്. നദിതീരങ്ങളിലും തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.