മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു
മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെയായിരുന്നു സംഭവം.
തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ടൗൺഹാളിൽ പൊതുദർശനത്തിനായി വൻജനക്കൂട്ടമാണ് എത്തുന്നത്. തങ്ങളെ അവസാനനോക്കു കാണാനായി പതിനായിരങ്ങളാണ് മലപ്പുറം നഗരത്തിലേക്ക് ഒഴുകുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ് പാർട്ടി വളന്റിയർമാരും സന്നദ്ധ പ്രവർത്തകരും.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദചികിത്സയിലായിരുന്ന ഹൈദരലി തങ്ങൾ ഇന്നു രാവിലെയാണ് അന്തരിച്ചത്. അങ്കമാലിയിൽ പൊതുദർശനത്തിനുശേഷം മൃതദേഹം പാണക്കാട്ടെ തങ്ങളുടെ വസതിയിലെത്തിച്ചു. അവിടെ ബന്ധുക്കൾക്ക് മാത്രം ദർശനത്തിനും മയ്യിത്ത് നമസ്‌കാരത്തിനും അവസരം നൽകി. തുടർന്നാണ് മലപ്പുറം ടൗൺഹാളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചത്.
പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ നേതാക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ മയ്യിത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും.