സർക്കാരിന് ആശ്വാസം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടിയാണ് ഗവർണറിൽ നിന്നുണ്ടായത്.
ഇതോടെ ലോകായുക്ത വിധി ഇനി സർക്കാരിന് തള്ളാൻ സാധിക്കും. ഗവർണർ ഒപ്പിട്ടതോടെ ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ വിരാമമായി. പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവർണറെ കണ്ട് കത്ത് നൽകിയിരുന്നു.
ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് സർക്കാർ ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. ഇത് ഗവർണറെ ബോധ്യപ്പെടുത്താനും സർക്കാരിന് സാധിച്ചു. രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ടത്.