കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് തരാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികൾക്ക് കർശന നിർദേശം നൽകി.
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താൻ ശ്രമിച്ച കളമശ്ശേരി സ്വദേശിനിയായ നീതുവിനെ കോട്ടയം ആശുപത്രിക്ക് സമീപമുളള ഹോട്ടലിൽ നിന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ.