Saturday, January 4, 2025
Kerala

ഷിഗല്ല :ചോറ്റാനിക്കരയിലെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല;പിടിപെട്ടത് ഭക്ഷണത്തില്‍ നിന്നെന്ന് വിലയിരുത്തല്‍

കൊച്ചി:ചോറ്റാനിക്കരയില്‍ പിടിപെട്ട ഷിഗല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല.പുറത്തു നിന്നുള്ള ഭക്ഷണമാണ് രോഗത്തിന്റെ ഉറവിടം എന്നാണ് നിലവിലെ വിലയിരുത്തലെന്ന് ആരോഗ്യവകുപ്പ്.നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതല്‍ തുടരാന്‍ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഷിഗല്ല പ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക യോഗങ്ങള്‍ ചേരുകയും രോഗസാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു കൊണ്ടാണ് പ്രതിരോധം ഉറപ്പാക്കുന്നത്.രോഗം സ്ഥിരീകരിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഉള്‍പ്പടെ പ്രദേശത്തെ 14 കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തിയെങ്കിലും ഇതു വരെ ഫലം വന്ന സാമ്പിളുകളില്‍ ഒന്നും തന്നെ രോഗാണുവിന്റെ സാനിധ്യം കണ്ടെത്താന്‍ സാധിച്ചില്ല. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ റാപിഡ് റെസ്‌പോണ്‍സ് ടീം അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിലെയും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെയും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗം സ്ഥിരീകരിച്ച പ്രദേശം സന്ദര്‍ശിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തുകയും ചെയ്തു.

ചോറ്റാനിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും കീച്ചേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും നേതൃത്വത്തില്‍ പ്രദേശത്തു ആരോഗ്യ സര്‍വ്വേ നടത്തിയിരുന്നു. വയറിളക്കം ഉള്‍പ്പടെ ഉള്ള രോഗങ്ങള്‍ പ്രദേശത്തു പടരുന്നുണ്ടോ എന്നറിയാനായാണ് സര്‍വ്വേ നടത്തിയത്. കൂടാതെ സ്വകാര്യ ആശുപത്രികളിലും ആയുഷ് ഉള്‍പ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലും വയറിളക്ക രോഗ സര്‍വ്വേയും നടന്നു വരികയാണ്.തീര്‍ഥാടന കേന്ദ്രമായതിനാല്‍ തന്നെ പൊതു ശൗചാലയങ്ങളുടെ കാര്യത്തിലും ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. പൊതു ശൗചാലയങ്ങളില്‍ ശുചിത്വ സര്‍വ്വേ ഉള്‍പ്പടെ നടന്നു വരികയാണ്.പ്രദേശത്തെ ഭക്ഷണ ശാലകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വിഭാഗവും ചേര്‍ന്നു പരിശോധന നടത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.

സുരക്ഷിതമല്ലാത്ത രീതിയില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മലിന ജലം, കേടായതും പഴകിയതുമായ ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗല്ല വൈറസ് പകരുന്നത്. വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് രോഗം പകരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. ആശ പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജന പ്രതിനിധികളുടെയും നേതൃത്വത്തില്‍ ബോധ വല്‍കരണ പരിപാടികള്‍ നടന്നു വരികയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണ പരിപാടികളും ശക്തമായി തുടരുകയാണ്. പനി, വയറിളക്കം, ഛര്‍ദി, വയറുവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനടി പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *