വിഴിഞ്ഞം സമരം; സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടക്കുന്ന സമരത്തിൽ സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗികമായും അനൗദ്യോഗികമായും പലതവണ ചർച്ചകൾ നടത്തി. ഓരോ തവണയും നല്ല അന്തരീക്ഷത്തിൽ ചർച്ച പിരിയുമെന്നും പിന്നീട് വഷളാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി.
വിഴിഞ്ഞം സമരം ആരംഭിക്കുന്നത് ഓഗസ്റ്റ് 16 നാണ്. 19 ന് തന്നെ ഉപസമിതി ചർച്ച നടത്തി. 24 ന് വീണ്ടും യോഗം വിളിച്ചു. സെപ്റ്റംബറിൽ വീണ്ടും ചർച്ചകൾ നടന്നു. ഇവ കൂടാതെ അനൗദ്യോഗിക ചർച്ചകളും നടന്നു. സർക്കാറിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചർച്ച നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിൻറെ പ്രധാന നേതാവുമായി താൻ ചർച്ച നടത്തി. തുറമുഖ നിർമ്മാണം നിർത്താൻ ആകില്ലെന്ന് അറിയിച്ചു. ഓരോ തവണയും നല്ല അന്തരീക്ഷത്തിൽ ചർച്ച പിരിയും പിന്നീട് വഷളാകും – അദ്ദേഹം ആരോപിച്ചു.
സമരത്തെ ഏതോ ചിലർ നിയന്ത്രിക്കുന്നുണ്ടോ എന്ന് സ്വാഭാവികമായി തോന്നും. ഈ സംശയം യുഡിഎഫ് കാലത്തും ഉണ്ടായി. പ്രദേശവാസികളുടെ ആവശ്യമനുസരിച്ച് തീരശോഷണം പഠിക്കാൻ സമിതിയെ വച്ചു. സംയമനത്തിന്റെ അതിരുവിട്ട ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല. കേന്ദ്രസേനയെ വിളിച്ചിട്ടില്ലെന്നും സുരക്ഷ ആവശ്യപ്പെട്ടത് അദാനിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെ കേസിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് സർക്കാർ അല്ല. നിർമ്മാണം നിർത്തില്ല എന്നാണ് സർക്കാരിൻറെ കടുംപിടുത്തം.
ലത്തീൻ സഭയുമായി സർക്കാരിന് ഊഷ്മള ബന്ധമുണ്ടെന്നും സഭയുടെ പൊതുനിലപാടല്ല സമരത്തെ അനുകൂലിക്കുന്നവർക്ക് ഉള്ളതെന്നും മുഖ്യമന്ത്രി.