കൊല്ലത്തെ വയോധികയുടെ മരണം കൊലപാതകം; മരുമകൾ അറസ്റ്റിൽ
കൊല്ലം കുലശേഖരപ്പുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. തീപൊള്ളലേറ്റ് മരിച്ച നളിനാക്ഷിയുടെ(86) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. നേരത്തെ നളിനാക്ഷി ആത്മഹത്യ ചെയ്തുവെന്നായിരുന്നു കരുതിയിരുന്നത്. നളിനാക്ഷിയുടെ മരുമകൾ രാധമണിയാണ് കൊലപാതകം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു
ഒക്ടോബർ 29നാണ് നളിനാക്ഷിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്ന നിഗമനത്തിലേക്ക് എത്തിയെങ്കിലും നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് വിശദമായ അന്വേഷണം പോലീസ് നടത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നളിനാക്ഷിയുടെ തലയ്ക്ക് പരുക്കേറ്റതായി കണ്ടെത്തി. തുടർന്നാണ് രാധാമണിയെ ചോദ്യം ചെയ്തതും ഇവർ കുറ്റം സമ്മതിച്ചതും. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവദിവസവും വഴക്കുണ്ടാകുകയും നളിനാക്ഷിയെ രാധാമണി തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. ബോധരഹിതയായ നളിനാക്ഷിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. രാധാമണി മുമ്പ് ചാരായം വാറ്റ് കേസിലും പ്രതിയായിരുന്നു.