മോഹൻലാൽ സിനിമകൾ അടുത്ത കാലത്തൊന്നും തീയറ്ററുകളിലെത്തില്ല; ആരാധകർ നിരാശയിൽ
മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദം ശരിക്കും തിരിച്ചടിയായത് മോഹൻലാൽ ആരാധകർക്കാണ്. തീയറ്ററിൽ ആഘോഷിക്കേണ്ട പടം വിവിധ സിനിമാ സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒടിടി റിലീസിന് പോകുകയാണ്. എന്നാൽ ഇതുമാത്രമല്ല, മോഹൻലാലിന്റെ വരാനിരിക്കുന്ന അഞ്് ചിത്രങ്ങളും ഇനി ഒടിടി റിലീസായിരിക്കുമെന്നാണ് നിർമാതാവും താരത്തിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ ഇന്നലെ പറഞ്ഞത്. ഇതോടെ അടുത്ത കാലത്തൊന്നും തീയറ്ററുകളിലേക്ക് മോഹൻലാൽ ചിത്രമെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു
മരക്കാർ സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആന്റണി പെരുമ്പാവൂർ മറ്റ് സിനിമകലുടെ റീലീസ് സംബന്ധിച്ച തീരുമാനവും അറിയിച്ചത്. മരക്കാർ കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12ത്ത് മാൻ, ഷാജി കൈലാസിന്റെ എലോൺ, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്നാമ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്
നിലവിലെ നിലപാട് അനുസരിച്ച് ആശീർവാദ് സിനിമാസ് ഇതിനകം പൂർത്തിയാക്കിയ ചിത്രങ്ങളും ഇനി ചെയ്യാനിരിക്കുന്ന ചിത്രങ്ങളും ഒടിടിയിലേക്കാണ്. അതേസമയം തീരുമാനങ്ങൾ മാറ്റാൻ സമയമുണ്ടല്ലോ എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിട്ടുണ്ട്. ചർച്ചകൾക്ക് ഇനിയും പ്രസക്തിയുണ്ടെന്ന സാധ്യതയാണ് ആന്റണി ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് ആദ്യ തരംഗത്തിന് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്തിരുന്നത്. അതനുസരിച്ച് തീയറ്റർ ഉടമകളുടെ യോഗം ചേർന്നിരുന്നു. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും റിലീസ് വേണമെന്നും 21 ദിവസത്തെ ഫ്രീ റൺ വേണമെന്നുമായിരുന്നു ഡിമാൻഡ്. എന്നാൽ എഗ്രിമെന്റ് വേണമെന്ന് ഫിയോക് പറഞ്ഞതിനാൽ 220, 230 തീയറ്ററുകാർക്ക് എന്റെ ഓഫീസിൽ നിന്ന് എഗ്രിമെന്റുകൾ അയച്ചു. എന്നാൽ 89 തീയറ്ററുകളുടെ എഗ്രിമെന്റുകൾ മാത്രമാണ് പടം കളിക്കാം എന്നറിയിച്ച് തനിക്ക് ലഭിച്ചതെന്നും ആന്റണി പറയുന്നു.
മരക്കാർ റിലീസിനായി തീയറ്ററുകാർ തനിക്ക് 40 കോടി നൽകിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. കേരളത്തിലെ തീയറ്ററുകൾക്ക് 40 കോടി നൽകാൻ കഴിയില്ലെന്ന് എനിക്കും പൊതുസമൂഹത്തിനും അറിയുന്ന കാര്യമാണ്. 4.89 കോടിയാണ് കേരളത്തിലെ തീയറ്ററുകാർ എല്ലാവരും കൂടി നൽകിയത്. മരക്കാർ റിലീസിന് അവർക്ക് താത്പര്യമില്ലെന്ന് അവർക്ക് തോന്നിയപ്പോൾ ആ പണം തിരിച്ചു കൊടുത്തു. എനിക്ക് കേരളത്തിലെ തീയറ്ററുകാർ ഒരു കോടി രൂപ ഇപ്പോഴും തരാനുണ്ട്. പലപ്പോഴും പണം വൈകി തന്നിട്ടുണ്ട്. പക്ഷേ അക്കാര്യത്തിലൊന്നും വിവാദങ്ങളിലേക്ക് പോകാൻ താത്പര്യമില്ലെന്നും ആന്റണി പറഞ്ഞു.