മലപ്പുറത്ത് പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്
മലപ്പുറം കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും ഏഴു വയസുള്ള മകനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. ഗർഭിണിയെ കൊലപ്പെടുത്തുന്നതിനിടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. കേസിലെ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി ഷെരീഫ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു . മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിക്കുക.
കാടാമ്പുഴ തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി ഉമ്മുസല്‍മ , ഏക മകന്‍ മുഹമ്മദ് ദില്‍ഷാദ് , എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2017 ലായിരുന്നു കേസിനാസ്പദമായ ക്രൂരമായ കൊലപാതം.പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിതിരുന്നു. ദിവസങ്ങൾക്ക് ശേഷം പഴക്കം ചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്.
കല്‍പ്പണിക്കാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി അടുപ്പത്തിലാവുന്നത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും ഷെരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ഷെരീഫ് തന്‍റെ രഹസ്യ ബന്ധം പുറത്തറിയാതിരിക്കാനാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണ് കേസ്.
ആദ്യം ഉമ്മുസല്‍മയെയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ഏഴ് വയസുകാരൻ ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.