Tuesday, January 7, 2025
Kerala

കണക്ക് നൽകുന്നില്ലെന്ന് കേന്ദ്രം, കണക്ക് നൽകിയാലും അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാനം; നെല്ല് സംഭരണത്തില്‍ പോര്

ദില്ലി: നെല്ല് സംഭരണ വില കൃത്യവും സമഗ്രവുമായ കണക്ക് കേരളം നൽകാതെ നെല്ല് സംഭരണത്തിലെ കുടിശ്ശിക നൽകില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കൃത്യമായി നൽകിയ കണക്കനുസരിച്ചുള്ള തുക ഇതിനകം അനുവദിച്ചിട്ടുണ്ടെന്നാണ് വിശദീകരണം.

2017-18 വർഷത്തിൽ നെല്ല് സംഭരിച്ച വകയിൽ 742.68 കോടി രൂപയാണ് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത്. കേന്ദ്ര ഭക്ഷ്യ വകുപ്പ് 736.31 കോടി രൂപ അനുവദിച്ചു. 2019-20 വർഷം 1221.76 കോടി രൂപ ആവശ്യപ്പെട്ടു. കേന്ദ്രം 1033.38 കോടി രൂപ അനുവദിച്ചു. ഏറ്റവുമൊടുവിൽ 2023-24 വർഷം ഇതിനോടകം മുൻകൂറായി 34.30 കോടി രൂപ അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ കാലങ്ങളിൽ 5 ശതമാനത്തോളം തുകയായിരുന്നു പിടിച്ചു വച്ചിരുന്നെങ്കിൽ പിന്നീടത് 15 ശതമാനത്തോളം വരെയെത്തി. സംസ്ഥാനം സമർപ്പിക്കുന്ന കണക്കുകളിലെ പൊരുത്തക്കേടുകളാണ് തുക തടഞ്ഞുവെക്കാൻ കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 2017 മുതൽ കേരളം ഓഡിറ്റ് റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് കഴിഞ്ഞ 10 വർഷത്തെ സംസ്ഥാനത്തിനനുവദിച്ച സബ്സിഡിയുടെ കണക്ക് പുറത്തുവിട്ടുകൊണ്ട് കേന്ദ്രസർക്കാർ പറയുന്നത്. 2016-17 വർഷത്തെ ഓഡിറ്റ് റിപ്പോ‌ർട്ടിൽ വ്യക്തത തേടിയുള്ള കേന്ദ്രത്തിന്റെ ചോദ്യങ്ങൾക്ക് കേരളം മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്രത്തിന്റെ രേഖ വ്യക്തമാക്കുന്നു. 2021 ഫെബ്രുവരി ഒന്നിന് കണക്കുകൾ സമർപ്പിക്കാനാവശ്യപ്പെട്ട് കേരളത്തിന് കത്തയച്ചെന്നും കേന്ദ്രം പറയുന്നു. മുഴുവൻ കുറ്റവും സംസ്ഥാനത്തിന്റേതാണെന്ന് കേന്ദ്രം ആവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *