നിപ പ്രതിരോധത്തിന് നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കി. സർക്കാർ, സ്വകാര്യം ഉൾപ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തുകയും വേണം. ജില്ലകൾ ആവശ്യമെങ്കിൽ നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്മെന്റ് ഗൈഡ്ലൈനും, ഡിസ്ചാർജ് ഗൈഡ്ലൈനും പുറത്തിറക്കി.
സംസ്ഥാന, ജില്ലാ, ആശുപത്രിതലത്തിൽ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിസാസ്റ്റർ മാനേജ്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ ചേർന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേർന്നതാണ് ജില്ലാതല സമിതി. ഇൻസ്റ്റിറ്റിയൂഷൻ മെഡിക്കൽ ബോർഡും സ്റ്റാൻഡേർഡ് ചികിത്സാ മാനേജ്മെന്റ് പ്രോട്ടോകോളുമാണ് ആശുപത്രിതലത്തിലെ ഘടന. ഈ മൂന്ന് തലങ്ങളും അതിലെ എല്ലാ കമ്മിറ്റികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പിന്തുടരണം
സർവയലൻസ്, ടെസ്റ്റിംഗ്, രോഗീ പരിചരണം എന്നിവയാണ് പ്രധാനം. സർവയലൻസിന്റെ ഭാഗമായി കോണ്ടാക്ട് ട്രെയ്സിംഗും ക്വാറന്റൈനും നടത്തണം. നിപ പരിശോധന സുഗമമാക്കണം. ട്രീറ്റ്മെന്റ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുകയും അത് നിരീക്ഷിക്കുകയും ചെയ്യും. ദിവസവും ഏകോപന യോഗങ്ങൾ നടത്തുകയും അതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
ആരോഗ്യ പ്രവർത്തകർ, ഫീൽഡ്തല പ്രവർത്തകർ, സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. മരുന്നുകളും അവശ്യ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കും. പ്രതിരോധവും മുൻകരുതലുകളും സംബന്ധിച്ച് ശക്തമായ അവബോധം നൽകും. കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവർത്തനങ്ങൾ, കൺട്രോൾ റൂം എന്നിവയ്ക്കായി മാനേജ്മെന്റ് ഏകോപനവും ഉണ്ടായിരിക്കേണ്ടതാണ്.