തൊഴിലാളികൾക്ക് ഓൺലൈൻ ദേശഭക്തിഗാന മത്സരവുമായി തൊഴിൽ വകുപ്പ്
ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് സംസ്ഥാനതല ഓൺലൈൻ ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. എൻട്രികൾ വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ അപ്-ലോഡ് ചെയ്യും. ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ജനപ്രീതി/സപ്പോർട്ട് ലഭിക്കുന്ന ടീമിന് സമ്മാനം നൽകും.
ഒരു സ്ഥാപനത്തിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്. എന്നാൽ ഒരു വ്യക്തി ഒന്നിലധികം ടീമുകളിൽ പങ്കെടുക്കാൻ പാടുള്ളതല്ല. സ്ഥാപനത്തിന്റെ പേര്, രജിസ്‌ട്രേഷൻ നമ്പർ, ഫോൺ നമ്പർ, ടീമംഗങ്ങളുടെ പേരു വിവരങ്ങൾ എന്നിവയടങ്ങിയ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതമുള്ള എൻട്രികൾ വാട്സാപ്പ് മുഖേനയാണ് സമർപ്പിക്കേണ്ടത്.
ഹിന്ദി, മലയാളം എന്നിവയിലേതെങ്കിലും ഭാഷയിലുള്ള ദേശഭക്തിഗാനങ്ങളാണ് അയയ്‌ക്കേണ്ടത്. ദേശഭക്തിയിലധിഷ്ഠിതമായ ഹിന്ദി, മലയാളം സിനിമാഗാനങ്ങളും ആലപിക്കാവുന്നതാണ്. ഇപ്രകാരം ലഭിക്കുന്ന എൻട്രികൾ ആഗസ്റ്റ് എട്ട് മുതൽ ലേബർ കമ്മീഷണറുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
അവസാന തീയതിവരെ ഫേസ്ബുക്കിൽ ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാവും വിജയികളെ കണ്ടെത്തുക. ആഗസ്റ്റ് 14ന് വൈകിട്ട് അഞ്ചു മണിക്ക് മത്സരങ്ങൾ അവസാനിക്കും.