രാജിയ്ക്ക് മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടില്ല,സ്വന്തം തീരുമാനം, പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണം വേദനയുണ്ടാക്കിയെന്നും സജി ചെറിയാൻ
തിരുവനന്തപുരം:താന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് രാജിവച്ച സാസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍.ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി ദുഷ്പ്രചാരണം നടത്തുകയായിരുന്നു എന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജി താന്‍ സ്വതന്ത്രമായി എടുത്തതാണെന്നും മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
പ്രസംഗത്തിലെ മുഴുവന്‍ ഭാഗവും മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തില്ല. തന്റേതായ ഭാഷയിലാണ് പ്രസംഗത്തില്‍ അവതരിപ്പിച്ചത്. ഒരിക്കല്‍പ്പോലും താന്‍ പറഞ്ഞത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് താന്‍ കരുതിയിരുന്നില്ല. ഇത് നിയമസഭയിലും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധാരണജനകമായ രീതിയില്‍ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചു ഈ പ്രചരണങ്ങള്‍ വേദനയുണ്ടാക്കി. ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയാണ് ദുഷ്പ്രചാരണം നടത്തിയത്. ഇത് സിപിഎമ്മും ഇടതുപക്ഷ മുന്നണിയും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങളെ നശിപ്പിക്കാനാണ്. തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് വലിയ വേദനയുണ്ടാക്കി. താന്‍ ഒരിക്കല്‍പ്പോലും ഭരണഘടനയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല.-സജി ചെറിയാന്‍ പറഞ്ഞു.
തന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ സംബന്ധിച്ചുള്ള നിയമവശങ്ങളെ പറ്റി മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയെന്നാണ് മനസ്സിലാക്കുന്നത്. നിയമോപദേശം കിട്ടിയോ എന്ന് അറിയില്ല. ഈ സാഹചര്യത്തില്‍ സ്വതന്ത്രമായ തീരുമാനമാണ് താനെടുത്തത്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ ശേഷം മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന തന്റെ അഭിപ്രായം രേഖപ്പെടുത്തി. അതിനാല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. മതനിരപേക്ഷ, ജനനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇനിയും പ്രസ്ഥാനത്തിനൊപ്പം തുടര്‍ന്നും ഇപ്പോഴത്തെക്കാളും സജീവമായി ഉണ്ടായിരിക്കും- സജി ചെറിയാന്‍ പറഞ്ഞു.