സജി ചെറിയാന്‍ രാജിവയ്ക്കും വരെ പോരാട്ടം തുടരും; പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം
ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. ഏകാധിപത്യ നിലപാടുകള്‍ക്ക് മുന്നില്‍ പ്രതിപക്ഷം കീഴടങ്ങില്ലെന്നും സജി ചെറിയാന്‍ രാജിവയ്ക്കും വരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
സജി ചെറിയാന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അപമാനിച്ച സംഭവം അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. അതിന് മറുപടിയില്ലാതെ മുഖ്യമന്ത്രിയും സര്‍ക്കാരും സഭയില്‍ നിന്ന് ഒളിച്ചോടുന്ന കാഴ്ചയാണിന്ന് കണ്ടത്. മനപൂര്‍വമായി ഭരണകക്ഷി അംഗങ്ങള്‍ സീറ്റില്‍ നിന്നിറങ്ങി വന്ന് ബഹളമുണ്ടാക്കി , പ്രകോപനം സൃഷ്ടിച്ചു.
ചോദ്യോത്തര വേളയില്‍ മുദ്രാവാക്യം വിളിച്ചത് ആദ്യ സംഭവമല്ല. പക്ഷേ പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങാതിരുന്നിട്ടും സീറ്റിലിരുന്ന് മാത്രം മുദ്രാവാദ്യം വിളിച്ചപ്പോള്‍, എല്ലാം റദ്ദാക്കി സ്പീക്കര്‍. പൊതുസമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മറുപടിയില്ലെന്നത് ഇതിലൂടെ വ്യക്തമാണ്. മന്ത്രിയുടെ രാജിയില്‍ കവിഞ്ഞ ഒരു പരിഹാരവും ഇവിടെയില്ല. ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ നാടൊന്നാകെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരാണ്. പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.