Sunday, January 5, 2025
Kerala

എസ്.എം.എ ബാധിച്ച കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എസ്.എം.എ ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അമേരിക്കയില്‍ നിന്നുള്ള മരുന്ന് കുട്ടിക്ക് നല്‍കാനാകുമോ എന്ന് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. മെഡിക്കല്‍ ബോര്‍ഡിലേക്കുള്ള വിദഗ്ദരുടെ പേരുകള്‍ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

എസ്.എം.എ ബാധിച്ചു ചികിത്സയിലുള്ള പെരിന്തല്‍മണ്ണ സ്വദേശി ഇമ്രാന്റെ പിതാവ് ആരിഫ് ആണ് കോടതിയെ സമീപിച്ചത്. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ എസ്.എം.എ ബാധിതരായി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടികള്‍ക്ക് 18 കോടിയുടെ മരുന്നു നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പതിനാറ് മണിക്കൂറെങ്കിലും വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ പ്രസ്തുത മരുന്നു നല്‍കാനാകൂ. ഈ മരുന്നു നല്‍കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അല്ലെങ്കില്‍ കുഞ്ഞിനെ മരിക്കാന്‍ അനുവദിക്കണമെന്നും പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *