Tuesday, January 7, 2025
Kerala

ചോര കുഞ്ഞിനെപള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച സംഭവം: അടൂരിൽ അമ്മയും കാമുകനും അറസ്റ്റില്‍

അടൂർ:ചോര കുഞ്ഞിനെപള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് അടൂരിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു.

ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.അജയ് (32), കുട്ടിയുടെ അമ്മ മാരൂർ ഒഴുക്കുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30-ന് പുലർച്ചെ കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.

പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് പത്തനാപുരം മുതൽ അടൂർ വരെയുള്ള വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും റോഡിലേക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്ന 45 ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

സംശയാസ്പദമായി കണ്ട വാഹനങ്ങളെ സംബന്ധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോറിക്ഷയിൽ അന്വേഷണമെത്തുന്നത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ലിജയെയും അറസ്റ്റ് ചെയ്തു.

ആദ്യവിവാഹം വേർപിരിഞ്ഞുനിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽതന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞ് ഇപ്പോൾ ശിശുസംരക്ഷണസമിതിയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *