Saturday, April 12, 2025
Kerala

വിഎസിനും ഭാര്യക്കും വോട്ട് ചെയ്യാനായില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദനും ഭാര്യക്കും ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായില്ല. അച്യുതാനന്ദനും ഭാര്യ വസുമതിക്കും പുന്നപ്രയിലാണ് വോട്ട്. എന്നാല്‍ അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട് ചെയ്യാതിരുന്നത്.

തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമജീവിതത്തിലാണ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് തന്നെ പോസ്റ്റല്‍ വോട്ട് അനുവദിക്കണമെന്ന ആവശ്യവുമായി വി.എസും ഭാര്യയും അമ്പലപ്പുഴ റിട്ടേണിംഗ് ഓഫീസര്‍ക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ബാലറ്റ് വോട്ട് അനുവദിക്കാനാകില്ലെന്നാണ് മറുപടി ലഭിച്ചത്.

എണ്‍പത് വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിക്കണമെങ്കില്‍ അവര്‍ അതേ മണ്ഡലത്തില്‍ തന്നെ താമസിക്കണമെന്നാണ് ചട്ടം. പുന്നപ്രയിലെത്തി വോട്ട് ചെയ്യാനാകാത്തതിനാല്‍ ഇത്തവണ വോട്ട് ചെയ്യുന്നില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. മകന്‍ വി.എ അരുണ്‍കുമാറും കുടുംബവും പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ലഭ്യമാകാതിരുന്നതിനാല്‍ വി. എസിന് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ മുന്നില്‍ നിന്ന വി എസ് അച്യുതാനന്ദന് ഇപ്രാവശ്യം വോട്ട് ചെയ്യാനുള്ള അവസരം ഉപയോഗിക്കാനാകാതെ വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *