Friday, January 10, 2025
Kerala

ഒ.ഇ.സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതരമായ വീഴ്ച; കെ. സുരേന്ദ്രൻ

അധ്യയനവർഷം അവസാനിക്കാറായിട്ടും മറ്റു അർഹ സമുദായങ്ങളിൽപ്പെട്ട പ്ലസ് ടു മുതൽ പി എച്ച ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകാത്തത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും എത്രയും വേഗം അവ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

പ്രസ്താവനയിലൂടെയാണ് കെ. സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ധീവരരും കുഡുംബികളും ക്രൈസ്തവരിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിവിഭാഗങ്ങളും ഉൾപ്പടെ 18 ജാതികളിലെ വിദ്യാർത്ഥികൾക്ക് ലാംപ്സം ഗ്രാൻഡ് സ്റ്റൈപെന്റ്, ഹോസ്റ്റൽ ഫീസ്, ട്യൂഷൻ ഫീസ് പരീക്ഷ ഫീസ് എന്നിവയ്ക്കായി നൽകുന്ന തുക സാമ്പത്തിക പ്രതിസന്ധിമൂലം ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തത് മൂലം മുടങ്ങിയിരിക്കുകയാണ്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സ്ഥിരമായി വീമ്പിളക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *