ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരം നഗരത്തിൽ ഉച്ച മുതൽ ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാതാ പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശിച്ചു.
അതേസമയം ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ മന്ത്രിമാരായ ജി.ആർ അനിൽ കെ രാജൻ വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി. പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഒരുക്കങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു.
ചൊവ്വാഴ്ച നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു നഗരത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 300 സേനാ അംഗങ്ങളെയാണ് അഗ്നിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലിൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്നിരക്ഷാ സേന ഒരുക്കുന്നത്. ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം. വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വളണ്ടിയർമാർ ഉൾപ്പെടെ അണിനിരക്കും.