തിരുവനന്തപുരത്ത് യുവതിയെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം കുറവൻകോണത്ത് യുവതിയെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീത(38)യാണ് മരിച്ചത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ചോര വാർന്നാണ് മരണം.
കുറവൻകോണത്തെ ചെടി നഴ്‌സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലി ചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനായാണ് ഞായറാഴ്ച വിനീത കടയിലെത്തിയത്. ചെടി വാങ്ങാൻ രണ്ട് പേർ എത്തിയെങ്കിലും കടയിൽ ആരെയും കാണാത്തതിനാൽ ഉടമസ്ഥനെ വിളിച്ച് പറയുകയായിരുന്നു.
സംശയം തോന്നിയ കടയുടമ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. ഇവർ വന്ന് പരിശോധിച്ചപ്പോഴാണ് നഴ്‌സറിയുടെ ഇടതുഭാഗത്തായി വിനീതയെ മരിച്ച നിലയിൽ കാണുന്നത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ സ്വർണമാല കാണാനില്ല.