Monday, January 6, 2025
Kerala

കാരണം കാണിക്കല്‍ നോട്ടീസ്, രണ്ട് വിസിമാര്‍ കൂടി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി

തിരുവനന്തപുരം:രാജി സമര്‍പ്പിക്കാത്തതിന് രണ്ട് വിസിമാര്‍ കൂടി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയും ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലാ വിസിയുമാണ് ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം നല്‍കിയത്. 

അഞ്ച് വിസിമാരാണ് നിലവില്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്. സംസ്ഥാനത്തെ 9 സര്‍വകലാശാല വിസിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടിരുന്നത്. വിശദീകരണം നല്‍കാനുള്ള സമയം നവംബര്‍ ഏഴ് വരെയായി നീട്ടിയിരുന്നു. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്.

യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതികസര്‍വ്വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 9 വിസിമാരോട് ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാജി വെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 

 

Leave a Reply

Your email address will not be published. Required fields are marked *