ബിനീഷ് ബോസുമല്ല ഡോണുമല്ല; ഇഡി സംഘം കൃത്രിമ രേഖകളിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി: ഭാര്യ
തിരുവനന്തപുരം: ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് ഭാര്യ. ഇഡി സംഘം കൃത്രിമ രേഖകളിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി. ബിനീഷിന് കുറച്ച് സുഹൃത്തുക്കൾ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.
റെയ്‌ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാർഡ് കിട്ടിയെന്നും അതിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അത് ഉദ്യോഗസ്ഥർ ഇവിടെ മനപൂർവം കൊണ്ടയിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും ഭാര്യ പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് കൂടുതൽ കുടുങ്ങുമെന്നാണ് പറഞ്ഞത്. എന്നാൽ കാർഡ് ഇവിടെയുള്ളതല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ജീവൻ പോയാലും ഒപ്പിടില്ലെന്നും അവർ പറഞ്ഞു. ബിനീഷ് പുറത്തുവരണമെങ്കില്‍ ഒപ്പിടണമെന്ന് സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞു.
കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. കാർഡല്ലാതെ ഒന്നും തന്നെ ഇവിടെ നിന്ന് കിട്ടിയില്ല. അമ്മയുടെ ഐ ഫോൺ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഭാര്യ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിലേറെ ഇഡി നടത്തിയത് റെയ്ഡ് നാടകമാണ്. ഭക്ഷണം കഴിക്കൽ മാത്രമാണ് അവർ നടത്തിയത്. അവർ തന്നെ കൊണ്ടുവന്ന ഒരു ക്രെഡിറ്റ് കാർഡ് ഇവിടെ നിന്ന് ലഭിച്ചു എന്നുള്ള രേഖയിൽ ഒപ്പുവയ്ക്കാൻ അവർ നിർബന്ധിച്ചു. അനൂപ് മുഹമ്മദ് എന്നയാളിന്റെ കാർഡായിരുന്നു അത്. അത് ഇഡി തന്നെ കൊണ്ടുവന്നതാണ്. ഒപ്പിടാൻ വിസമ്മതിച്ചതോടെ വലിയ ഭീഷണിയായിരുന്നു.