Wednesday, January 8, 2025
Kerala

വ്യാജ വിദ്യാഭ്യാസ യോഗ്യത; ലോകായുക്ത ഷാഹിദ കമാലിനോട് വിശദീകരണം തേടി

 

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണം എന്നും ലോകായുക്ത നിർദ്ദേശിച്ചു. വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും, 2017 ഓഗസ്റ്റ് 29ന് വനിതാ കമ്മീഷന്‍ അംഗമാകാനായി സമർപ്പിച്ച രേഖകളിലും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും നൽകിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് ബി.കോം നേടി എന്നാണ് അവകാശവാദം. കേരള സര്‍വകലാശാല വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ ബി കോം ബിരുദമില്ലെന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ ആണ് പരാതിയുമായി രംഗത്ത് എത്തിയത്.

ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാൽ ഡോക്ടറേറ്റുണ്ടെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇതിലാണ് ഇപ്പോള്‍ ലോകായുക്തയുടെ നിർദ്ദേശം. അടുത്ത മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും

ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മീഷൻ വെബ്സൈറ്റിൽ അംഗത്തിന്റെ ഫോട്ടോയ്ക്ക് താഴെ കൊടുത്തിട്ടുള്ളത്. 2009-ൽ കാസ‍ർ​ഗോഡ് ലോക്സഭാ മണ്ഡലത്തിലും 2011-ൽ ചടയമം​ഗലം നിയമസഭാ മണ്ഡലത്തിലും ഷാഹിദാ കമാൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് നൽകിയ സത്യവാങ്മൂലത്തിലും ബി.കോം ആണ് തന്റെ വിദ്യാഭ്യാസയോഗ്യത എന്നാണ് പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ താൻ ബി.കോംപാസായിട്ടില്ലെന്നും കോഴ്സ് പൂർത്തിയാക്കി എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോമും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും ഷാഹിദ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *