Saturday, January 4, 2025
Kerala

ഷാഹിദ കമാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി; ഉത്തരവ് രണ്ടാഴ്ചക്കകം

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസ് ലോകായുക്ത ഉത്തരവിറക്കാനായി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്കകം ഉത്തരവിറങ്ങുമെന്ന് ലോകായുക്ത അധികൃതര്‍ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ അഭിഭാഷകന്‍ ഹാജരാക്കി. പിന്നാലെയാണ് ഉത്തരവിറക്കാനായി മാറ്റിയത്.

ലോകായുക്ത നിര്‍ദേശിച്ചത് അനുസരിച്ചാണ് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ അഭിഭാഷകന്‍ ഹാജരാക്കിയത്. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2016ല്‍ ബികോമും 2018ല്‍ എംഎയും പാസായ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കു ലിസ്റ്റുമാണ് ഷാഹിദ ഹാജരാക്കിയത്. 2017ലാണ് ഷാഹിദ വനിതാ കമ്മീഷന്‍ അംഗമാകുന്നത്. ഷാഹിദയുടെ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥതയും സത്യസന്ധതയും ഏതു കാലയളവു ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ചോദ്യം ചെയ്യുന്നതെന്നു ലോകായുക്ത ചോദിച്ചു. വനിതാ കമ്മീഷന്‍ അംഗമായതിനു ശേഷമുള്ള കാലയളവോ അതിനു മുന്‍പുള്ള കാലയളവോ എന്നാണ് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, പരാതിക്കാരി അഖില ഖാന് ഇതില്‍ കൃത്യമായ മറുപടി ഉണ്ടായില്ല. അഭിഭാഷകന്റെ സേവനം ഉപയോഗിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പരാതിക്കാരി താത്പര്യം പ്രകടിപ്പിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഉത്തരവിറക്കാനായി കേസ് മാറ്റിവച്ചത്.തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനും ഷാഹിദ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നാണ് പരാതിക്കാരി ആരോപിച്ചത്. വിദ്യാഭ്യാസ യോഗ്യത വ്യാജമായത് കൊണ്ടാണ് യഥാര്‍ഥ രേഖകള്‍ കോടതിയില്‍ ഹാജരാക്കാതെ പകര്‍പ്പുകള്‍ ഹാജരാക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *