Thursday, April 17, 2025
Kerala

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിനാണു സമാപനം. മുൻ മുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്.

25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങൾക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങൾക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. 176417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്.

രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ടെടുപ്പ് ദി വസത്തെ മറ്റ് പ്രവർത്തനങ്ങളിലേക്ക് കടന്നത്. അഞ്ച് ബൂത്തുകളിൽ മോക് പോളിങ് നടത്തിയ ശേഷമാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്.

മണ്ഡലത്തിലെ 182 ബൂത്തുകളിൽ വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. വൈകാരികതയും രാഷ്ട്രീയവും ഒരുപോലെ നിറഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും അഭിമാന പോരാട്ടമാണ് പുതുപ്പള്ളിയിലേത്.

Leave a Reply

Your email address will not be published. Required fields are marked *