ഒടുവില്‍ ആശ്വാസം; തൃശൂരില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
തൃശൂര്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാള്‍ ആദ്യം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
ഇന്നലെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ കുടുംബവും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.
എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായത്. ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിനല്‍കി. പൊലീസും നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തെരച്ചിലാണ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയത്. അതിനിടെ ഇന്നലെ രാവിലെ കുട്ടികള്‍ വൈറ്റില ഹബ്ബില്‍ നിന്ന് ബസില്‍ കയറിയതും നിര്‍ണായക വിവരമായി. അതേസമയം എന്തിനാണ് കുട്ടികള്‍ ഇത്തരത്തില്‍ വീടുവിട്ടുപോയതെന്ന് വ്യക്തമല്ല.