Tuesday, April 15, 2025
Kerala

ഇന്നും കനത്ത മഴ സാധ്യത: 6 ജില്ലകളിൽ അവധി, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഡാമുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി.

പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും അവധിയാണ്.

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ല. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കണ്ണൂരിലും ഇടുക്കിയിലും രാത്രിയാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സികെ ഹുസൈൻ കുട്ടിക്കായി രാവിലെ മുതൽ തെരച്ചിൽ തുടരും. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായും തെരച്ചിൽ തുടരും. മലയോരമേഖകളിൽ ഉള്ളവരും തീരദേശവാസികളും അതീവ്ര ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *