Monday, January 6, 2025
Kerala

മഴ കനക്കുന്നു; അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി, നിരവധി വീടുകൾ വെള്ളത്തിൽ

അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി. പമ്പാ ,മണിമല അച്ചൻകോവിൽ ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. തലവടി പഞ്ചായത്തിലെ നീരേറ്റുപുറം കുന്നംമാടി കുതിരച്ചാൽ , മൂരിക്കോലുമുണ്ട്,പ്രിയദർശിനി,വേദവ്യാസ സ്കൂൾ, മണലേൽ , കോടമ്പനാടി,പൂന്തുരുത്തി എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി.

ഇന്നും കനത്ത മഴ തുടരുമെന്നാണ് വിലയിരുത്തൽ. 12 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്.

കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് കോളേജകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്ന സ്കൂളുകൾക്കും അവധിയാണ്. കെടിയു, എംജി, കണ്ണൂർ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി. ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും മാറ്റമുണ്ടാകില്ല.

അതേസമയം നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽ പെട്ടു. ഇന്ന് പുലർച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *