40 വയസ്സിന് മുകളിലുള്ളവർക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം
40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസ്സിന് മുകളിൽ 50 ലക്ഷത്തോളം പേർ ഇനി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാനുണ്ട്.
സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിൻ കൂടി ഈ മാസം ലഭിക്കും. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകളുടെയും കുട്ടികളിലെ ഇൻഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. അതിന്റെ ഫലങ്ങൾ ആഴ്ച തോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. വകഭേദം വന്ന പുതിയ തരം വൈറസുണ്ടോയെന്ന് കണ്ടെത്തും
സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാ ഭരണകൂടങ്ങൾക്കും മുഖ്യമന്ത്രി നിർദേശം നൽകി. മാനസിക വൈകല്യമുള്ളവരെ വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരടക്കം വാക്‌സിൻ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും.
നിർമാണ മേഖലയിൽ അതിഥി തൊഴിലാളികൾ അടക്കമുള്ളവരെ തുടർച്ചയായി കൊവിഡ് ടെസ്റ്റ് നടത്തും. ജൂൺ 15ഓടെ 85 ലക്ഷം പേർക്ക് ഭക്ഷ്യക്കിറ്റ് നൽകും. ജൂൺ പത്തോടെ ജൂൺ മാസത്തെ കിറ്റ് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.