ഇത്തവണ നോൺ വെജ് ഭക്ഷണമുണ്ടാകില്ല, അടുത്ത കലോത്സവത്തിൽ പരിഗണിക്കും; പി.എ.മുഹമ്മദ് റിയാസ്
സ്കൂൾ കലോത്സവത്തിൽ ഇത്തവണ നോൺ വെജ് ഭക്ഷണമുണ്ടാകില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അടുത്ത കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പുതിയ മാനുവൽ പ്രകാരമായിരിക്കും അടുത്ത കലോത്സവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലോത്സവം ജനങ്ങൾ ഏറ്റെടുത്തു. ഭക്ഷണത്തിന്റെ കാര്യത്തിൽ ജനകീയത ദൃശ്യമാണ്.
ആർക്കും പരാതി ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗം തീവ്രവാദം പ്രചരിപ്പിക്കുന്നവർ ആണെന്ന നിലപാട് ഇല്ല. സ്വാഗത ഗാനത്തിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദേഹം പ്രതികരിച്ചു.
കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഇടപെടൽ ശ്രദ്ധേയമായി. സമാപന സമ്മേളനം വൈകീട്ട് 4.30ന് തുടങ്ങും. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. കെ എസ് ചിത്ര മുഖ്യാതിഥിയാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.