ബഫര്‍ സോണില്‍ അനുനയനീക്കം ശക്തമാക്കി സര്‍ക്കാര്‍; കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കാണാന്‍ വനംമന്ത്രി ഇന്നെത്തും
ബഫര്‍ സോണ്‍ വിഷയത്തില്‍ അനുനയനീക്കം സജീവമാക്കി സംസ്ഥാന സര്‍ക്കാര്‍. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തും. ബിഷപ്പ് മാര്‍ ജോര്‍ജ് പുളിക്കലും എ കെ ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 9 മണിക്ക് കോട്ടയത്താണ് നടക്കുക. കാഞ്ഞിരപ്പള്ളി രൂപത കാര്യാലയത്തിലേക്ക് മന്ത്രി നേരിട്ടെത്തിയാണ് ചര്‍ച്ചകള്‍ നടത്തുക.
കോട്ടയം ജില്ലയില്‍ ബഫര്‍ സോണ്‍ വിഷയം കൂടുതല്‍ ബാധിക്കുന്നത് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള ഏഞ്ചല്‍ വാലി, പമ്പാവാലി മുതലായ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളെയാണ്. ഈ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുകയും ബിഷപ്പ് സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അനുനയ നീക്കത്തിന് വനംവകുപ്പ് തയാറെടുക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടുകളെ വരെ ബഫര്‍ സോണ്‍ ബാധിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഷപ്പുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണെന്ന് ഉള്‍പ്പെടെ രൂക്ഷമായ ഭാഷയിലായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ വിമര്‍ശനങ്ങള്‍. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞിരുന്നു. കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാല്‍ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞിരുന്നു.