Saturday, April 12, 2025
Kerala

ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രമേയം പാസാക്കി; വിജ്ഞാപനം ചട്ടവിരുദ്ധമെന്ന് സെനറ്റ് യോഗം

കേരള സര്‍വകലാശാല വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധിയെ നിശ്ചയിക്കാതെ സെനറ്റ് യോഗം. ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടാല്‍ പ്രതിനിധിയെ നല്‍കാമെന്നാണ് സെനറ്റിന്റെ നിലപാട്. ഗവര്‍ണര്‍ക്കെതിരെ സെനറ്റ് യോഗം വീണ്ടും പ്രമേയം പാസാക്കി. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് പ്രമേയം.

ഗവര്‍ണറുടെ വിജ്ഞാപനം ചട്ടവിരുദ്ധമെന്ന് സിന്‍ഡിക്കറ്റ് അംഗം ബാബുജാന്‍ പറഞ്ഞു.ഏഴിനെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

‘ഞങ്ങള്‍ നിയമമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. നിയമപരായി നിലനില്‍പ്പില്ലാത്ത കമ്മിറ്റിയുടെ പുറകേ പോയി സര്‍വകലാശാല വീണ്ടും നിയമപ്രശ്‌നങ്ങളില്‍ അകപ്പെടരുത്. സമര്‍ത്ഥനായ ഒരു വിസിയെ കേരള സര്‍വകലാശാലയ്ക്ക് കിട്ടാനാണ് ചാന്‍സലറോട് അഭ്യര്‍ത്ഥിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെയല്ല നീക്കമെന്നും ഗവര്‍ണറുടെ വിജ്ഞാപനം ചട്ടവിരുദ്ധമാണെന്നും സിന്‍ഡിക്കറ്റ് അംഗം ബാബുജാന്‍ പ്രതികരിച്ചു.

അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സിയായി ഡോ.സിസാ തോമസ് ചുമതലയേറ്റു. ചുമതലയേറ്റെടുക്കാന്‍ വിസിക്ക് റജിസ്റ്റര്‍ നല്‍കാതെയായിരുന്നു സര്‍വകലാശാലയുടെ അസാധാരണ നടപടി. എസ്എഫ്ഐയുടെയും ഇടത് അനുകൂല സര്‍വീസ് സംഘടനകളുടെയും പ്രതിഷേധ വലയം ഭേദിച്ചാണ് സിസാ തോമസ് ചുമതലയേറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *