Tuesday, January 7, 2025
Kerala

സുപ്രീം കോടതി വിധി: സത്യം ജയിച്ചെന്ന് വി.ഡി സതീശൻ, സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ ആഹ്ലാദപ്രകടനം

മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സത്യം ജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും വി.ഡി സതീശൻ.
ഇന്ന് വൈകിട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്ലാദ പ്രകടനം നടത്തും.

ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞതാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോണ്‍ഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. പരമോന്നത കോടതി അത് തടഞ്ഞു. ഇത് രാഹുലിന്റേയോ കോണ്‍ഗ്രസിന്റേയോ മാത്രം വിജയമല്ല. രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണ്. ഇന്ത്യ കാത്തിരുന്ന വിധിയാണ് – അദ്ദേഹം തുടർന്നു.

“സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി – അമിത് ഷാ- കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവായി കാണുന്നതും രാഹുലില്‍ കാണുന്ന യോഗ്യതയുംഅതു തന്നെ” – അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇന്ന് വൈകിട്ട് സംസ്ഥാനത്തുടനീളം ഡിസിസി, ബ്ലോക്ക് മണ്ഡലം, കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *