Saturday, October 19, 2024
Kerala

പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ വീണ്ടും കോടതിയിൽ

കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പെൺകുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കിയത്. പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 ന് തോന്നയ്ക്കലിൽ വച്ചാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച് പിങ്ക് പൊലീസിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ രജിത അധിക്ഷേപിക്കുന്നത്. ഐ എസ് ആർ ഒയുടെ റോക്കറ്റിന്‍റെ ഭാഗങ്ങള്‍ വലിയ വാഹനത്തിൽ കൊണ്ടുപോകുന്നത് കാണാനാണ് അച്ഛനൊപ്പം ദേശീയപാതക്കരുകിൽ കുട്ടിയെത്തുന്നത്. കുട്ടി മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു നടുറോഡിൽ പൊലീസ് ഉദ്യോഗസ്ഥ രജിത അധിക്ഷേപിച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ പിന്നീട് പിങ്ക് വാഹനത്തിൽ നിന്നും കണ്ടെത്തി. എട്ട് വയസ്സുകാരി മോഷ്ടിച്ചിട്ടില്ലെന്ന്  തെളിഞ്ഞിട്ടും പൊതുമധ്യത്തിലെ അധിക്ഷേപത്തെ തുടർന്ന് വാവിട്ട കരഞ്ഞ കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റൂറൽ എസ്പി അന്വേഷണം നടത്തി. 

Leave a Reply

Your email address will not be published.