Saturday, January 11, 2025
Kerala

തൃക്കാക്കരയിൽ വീണ്ടും ട്വിസ്റ്റ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച വിമതൻ യുഡിഎഫിനൊപ്പം ചേർന്നു

തൃക്കാക്കരയിൽ വീണ്ടും ട്വിസ്റ്റ്. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര കൗൺസിലർ യു ഡി എഫിനൊപ്പം ചേർന്നു. 33 വാർഡ് കൗൺസിലർ വർഗീസ് പ്ലശേരിയാണ് യുഡിഎഫിനൊപ്പം ചേർന്നത്.അധ്യക്ഷതെരഞ്ഞെടുപ്പിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വർഗീസ് പറഞ്ഞു. ഇതോടെ ഇരുപക്ഷത്തും അംഗബലം തുല്യമായി.

അജിത തങ്കപ്പന്റെ രാജി സംബന്ധിച്ച് എ-ഐ ഗ്രുപ്പുകൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. അജിത തങ്കപ്പന് ശേഷം ചട്ടപ്രകാരം എത്തേണ്ട ആളുകളുടെ ഗ്രുപ്പുകൾ തീരുമാനിക്കുന്നതിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലും തീരുമാനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാല് വിമതർ യുഡിഎഫ് പിന്തുണ പിൻവലിച്ച് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ ജില്ലയിലെ യുഡിഎഫ് നേതാക്കൾ ഇടപെട്ട് അജിത തങ്കപ്പനോട് രാജിവെക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇന്നലെയാണ് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജി വെച്ചത്. പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്നാണ് അജിത തങ്കപ്പന്റെ പ്രതികരണം. മുൻ ധാരണപ്രകാരം രാജി താമസിച്ചിട്ടില്ലെന്നും ഭരണം നഷ്ടപ്പെടില്ല എന്നാണ് പ്രതീക്ഷ എന്നും അജിത പറഞ്ഞു. രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *