സുധാകരനും സതീശനുമെതിരായ കേസുകളിൽ ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ്; പൊലീസ് ആസ്ഥാനങ്ങളിലേക്ക് ഇന്ന് മാർച്ച്
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയുമുള്ള കേസുകളിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഇരുവർക്കുമെതിരായ കേസുകൾ കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്കിറങ്ങുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് ജില്ലാ പൊലീസ് അസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.
എല്‍ ഡി എഫ് സര്‍ക്കാരിന്റെയും സി പി എം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞത്. ഹീനമായ രാഷ്ട്രീയവേട്ടയ്‌ക്കെതിരെ ജൂലൈ നാലിന് രാവിലെ 10 ന് ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വ്യക്തമാക്കി.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിന് മുന്നില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നിര്‍വഹിക്കും. കൊല്ലത്ത് പി സി വിഷ്ണുനാഥ് എം എല്‍ എയും പത്തനംതിട്ടയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പിയും ആലപ്പുഴയില്‍ ബെന്നി ബഹനാന്‍ എം പിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയും ഇടുക്കിയില്‍ കെ സി ജോസഫും എറണാകുളത്ത് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനും തൃശ്ശൂരില്‍ രമേശ് ചെന്നിത്തല എം എല്‍ എയും പാലക്കാട് വി കെ ശ്രീകണ്ഠന്‍ എം പിയും മലപ്പുറത്ത് എ പി അനില്‍കുമാര്‍ എം എല്‍ എയും കോഴിക്കോട് കെ മുരളീധരന്‍ എം പിയും വയനാട് ടി സിദ്ധിഖ് എം എല്‍ എയും കണ്ണൂരില്‍ എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാളും കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയും എസ് പി ഓഫീസ് മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്യമെന്നും കോൺഗ്രസ് അറിയിച്ചു.