Wednesday, April 16, 2025
Kerala

തിരുവനന്തപുരത്ത് നാലാമൂഴത്തിന് ശശി തരൂർ;

തിരുവനന്തപുരം: പാർട്ടിയിൽ വലിയ കലാപക്കൊടി ഉയർത്തിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി ശശി തരൂർ. ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനത്തോടുള്ള അണികളുടെ സമീപനമാകും തരൂർ ഇത്തവണ നേരിടുന്ന പ്രധാന വെല്ലുവിളി. തെര‍ഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി വിളിച്ച യോഗങ്ങളിൽ ചില പ്രാദേശിക നേതാക്കൾ എതിർപ്പ് ഉന്നയിച്ചിരുന്നു.

2009ൽ രാഷ്ട്രീയത്തിലേക്കിറങ്ങിയ വിശ്വപൗരനെ തിരുവനന്തപുരത്തെ കോൺഗ്രസ്സുകാർ സ്വീകരിച്ചത് കോലം കത്തിച്ചും എതിർത്തുള്ള മുുദ്രാവാക്യം വിളിച്ചുമായിരുന്നു. വിമർശകരെയടക്കം കൂടെ നിർത്തി മൂന്ന് തെരഞ്ഞെടുപ്പുകളിൽ തരൂർ മാജിക് കണ്ടു. പാർട്ടിയുടേയും തരൂരിൻറെയും സഞ്ചാരം എന്നും രണ്ട് വഴിക്കാണ്. എല്ലാ നെഗറ്റീവുകളെയും മറികടക്കുന്ന വലിയ പോസിറ്റീവ് ഘടകമായി തരൂരിൻറെ മികച്ച പ്രതിച്ഛായ. ഹൈക്കമാൻഡിനെയും കെപിസിസിയുടെ ഒരുപോലെ വെല്ലുവിളിച്ച തരൂർ നാലാമൂഴത്തിനിറങ്ങുമോ എന്ന ആകാംക്ഷയുണ്ടായിരുന്നു. എന്നാൽ വീണ്ടും അങ്കം കുറിക്കാനൊരുങ്ങുകയാണ് തരൂർ. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ മുന്നൊരുക്ക യോഗങ്ങളിൽ മുൻപന്തിയിൽ തന്നെ തരൂർ പങ്കെടുത്തു.

തരൂർ ഏറ്റുമുട്ടിയ എ-ഐ ഗ്രൂപ്പുകളുടേയും കെസി വിഭാഗത്തിലെയും നേതാക്കൾ ഒപ്പമുണ്ടായിരുന്നു. പക്ഷെ അപസ്വരങ്ങൾ ഉയർന്നത് മണ്ഡലം പ്രസിഡണ്ടുമാരിൽ നിന്ന്. കഴക്കൂട്ടം മണ്ഡലം യോഗത്തിൽ രണ്ട് മണ്ഡലം പ്രസിഡണ്ടുമാർ പാർട്ടി നേതൃത്വത്തിനെതിരെ തരൂർ ഉന്നയിച്ച വിമർശനം ശരിയായില്ലെന്ന് കുറ്റപ്പെടുത്തി. ഡിസിസി ഓഫീസിലെ സെൻട്രൽ മണ്ഡലയോഗത്തിന് ശേഷം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും തരൂരിൻറെ സ്റ്റാഫും തമ്മിലുണ്ടായത് കയ്യാങ്കളി. അതിനും കാരണം എഐസിസിക്കെതിരായ തരൂർ വിമർശനത്തിൽ സതീഷ് തുടങ്ങിയ ആരോപണങ്ങൾ. ഗ്രൂപ്പുകളൊന്നടങ്കം പിൻവാങ്ങിയാൽ നാലാമൂഴം തരൂരിന് വലിയകടമ്പയാകും. പ്രത്യേകിച്ച് തരൂരിൻറെ വോട്ട് ബാങ്കായിരുന്ന ലത്തീൻ സഭ വിഴിഞ്ഞം സമരത്തെ തുണക്കാത്തതിനാൽ ഉടക്കിനിൽക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ. എന്നാൽ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് മത്സരമടക്കം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടിയെന്നാണ് തരൂർ അനുകൂലികളുടെ വിശദീകരണം.

­

Leave a Reply

Your email address will not be published. Required fields are marked *