തൃശൂർ കുട്ടനെല്ലൂരിൽ ജീപ്പ് ഷോറൂമിൽ വൻ അഗ്‌നിബാധ
തൃശൂർ കുട്ടനെല്ലൂരിൽ ജീപ്പ് ഷോറൂമിൽ വൻ അഗ്‌നിബാധ. മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. ഹൈസൺ മോട്ടോഴ്‌സിലാണ് അഗ്‌നിബാധയുണ്ടായത്.
രാവിലെ ആറ് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെടുന്നത്. ഷോറൂമിന്റെ പിറക് വശത്ത് തീപിടിച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഈ സമയം സെക്യുരിറ്റി ജീവനക്കാരൻമാത്രമാണ് ഷോറൂമിലുണ്ടായിരുന്നത്. ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് തീ ഷോറൂമിന്റെ മുൻഭാഗത്തേക്ക് പടർന്നിരുന്നു. മൂന്ന് വാഹനങ്ങൾ കത്തിയമർന്നു. മറ്റുവാഹനങ്ങൾ വേഗം പുറത്തിറക്കിയതിനാൽ നാശനഷ്ടത്തിൻറെ തോതു കുറഞ്ഞു. വർക് ഷോപ്പുകൂടിയുള്ളതിനാൽ ഗ്രീസും ഓയിലും അടക്കമുള്ള മിശ്രിതത്തിലേക്കും തീപടർന്നു. ഓയിൽ സൂക്ഷിച്ചിരുന്ന ബാരലുകൾക്ക് തീപിടിക്കുന്നത് ഫയർഫോഴ്‌സ് എത്തിയതിനാൽ ഒഴിവായി. പുതുക്കാട്, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മന്ത്രി കെ രാജനും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.