രണ്ടില സുപ്രീം കോടതി കയറി: ചിഹ്നം ജോസിന് നൽകിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പി ജെ ജോസഫ്
കേരളാ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പി ജെ ജോസഫ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഹൈക്കോടതി സിംഗിൾ ബഞ്ച്, ഡിവിഷൻ ബഞ്ചുകളിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ജോസഫ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് ആവശ്യപ്പെടുന്നു.
കേരളാ കോൺഗ്രസ് പിളർന്നതിന് ശേഷം രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഇതിനെതിരെയാണ് ജോസഫ് ആദ്യം സിംഗിൾ ബഞ്ചിനെയും പിന്നീട് ഡിവിഷൻ ബഞ്ചിനെയും സമീപിച്ചത്. ഹൈക്കോടതിയും പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അംഗീകരിക്കുകയായിരുന്നു.