Friday, January 10, 2025
Kerala

നിരവധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ഗായിക; വാണിയമ്മയുടേത് അപ്രതീക്ഷിത വിയോഗമെന്ന് ബിജു നാരായണൻ

അനശ്വര ഗായിക വാണി ജയറാമിന്റേത് അപ്രതീക്ഷിത വിയോഗമെന്ന് ഗായകൻ ബിജു നാരായണൻ. ഇപ്പോഴും വളരെ സജീവമായി നിന്നിരുന്ന ഗായികയായിരുന്നു വാണിയമ്മ. അടുത്തിടെ പത്മ ഭൂഷൺ കിട്ടിയെന്ന വാർത്ത വളരെ സന്തോഷത്തോടെയായാണ് മലയാളികളും വാണിയമ്മയെ സ്നേഹിക്കുന്നവരും സ്വീകരിച്ചത്. മലയാളത്തിലും അല്ലാതെയും ഒരുപാട് ഹിറ്റ് പാട്ടുകളുടെ ഭാഗമാകാൻ വാണിയമ്മയ്ക്ക് കഴിഞ്ഞു. മാത്രമല്ല മലയാളത്തിലെ ലെജൻഡറി സംഗീത സംവിധായകർക്കൊപ്പം വാണിയമ്മ പ്രവർത്തിച്ചിട്ടുണ്ട്.

‘ഓലേഞ്ഞാലി കുരുവി’യെന്ന ഗാനം മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയതാണ്. വളരെ ഡെഡിക്കേറ്റഡായിട്ടുള്ള ഗായികയാണ് വാണിയമ്മ. വാണിയമ്മയോടൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. വാണിയമ്മയെ അടുത്തും അല്ലാതെയും നോക്കിക്കണ്ടിരുന്ന ഒരാളാണ് താനെന്നും വിയോഗം വിശ്വസിക്കാൻ കഴിയാത്തതാണെന്നും ബിജു നാരായണൻ ട്വന്റിഫോറിനോട് പറഞ്ഞു.

ചെന്നൈയിലെ വസതിയിലായിരുന്നു വാണിയമ്മയുടെ അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു’ എന്ന ഗാനമാണ് മലയാളത്തില്‍ വാണി ജയറാം ആദ്യമായി ആലപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *