Sunday, April 13, 2025
Kerala

തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപി റാലി

തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപിയുടെ റാലി. റാലി പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

അൽപം മുൻപാണ് ബിജെപിയുടെ പ്രതിഷേധ പ്രകടനം തലശ്ശേരിയിൽ ആരംഭിച്ചത്. മൂന്നോറം പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ബിജെപിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. റാലി അധികം ദൂരം പിന്നിടും മുൻപേ തന്നെ പൊലീസ് റാലി തടഞ്ഞു. നിലവിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

തലശ്ശേരിയിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 143, 147, 153 എ, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. നിസ്‌കരിക്കാൻ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേൾക്കില്ല എന്നായിരുന്നു വാക്കുകൾ. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും തലശ്ശേരി എഎസ്പിക്ക് പരാതി നൽകിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *