ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ല; ഗതാഗതമന്ത്രി
സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
ബസ് ഓപ്പറേറ്റേഴ്സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പിന്നീട് പെര്‍മിറ്റ് നല്‍കാത്ത സമീപനം മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു. വാഹന ഉടമകള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി അനുകൂലമായ വിധി നേടിയെടുത്തു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ഫൈന്‍ അടിക്കാമെന്നല്ലാതെ അവയെ നിരോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയില്ല. സര്‍ക്കാര്‍ വാഹനങ്ങളാണ് താരതമ്യേന മാതൃകാപരമായി പെരുമാറുന്നത്. ശബരിമല സീസണ്‍ പ്രമാണിച്ച് ഓടാതെ കിടക്കുന്ന കെ എസ്ആര്‍ടിസി ബസുകള്‍ പ്രത്യേക സര്‍വീസിന് ഇറക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വടക്കഞ്ചേരി വാഹനാപകടത്തിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പ് അടുത്ത ദിവസം നല്‍കും. ശാസ്ത്രീയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമുള്ള റിപ്പോര്‍ട്ട് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഗതാഗത കമ്മീഷണര്‍ക്കും കോടതിക്കുമാണ് സമര്‍പ്പിക്കുക.
വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റ വിശദമായ റിപ്പോര്‍ട്ടാണ് മോട്ടോര്‍വാഹന വകുപ്പ് അടുത്ത ദിവസം സമര്‍പ്പിക്കുക. കെഎസ്ആര്‍ടിസി ബസ്സിന്റ വേഗം, റോഡിന്റെ അവസ്ഥ, രണ്ട് ക്യാമറകളിലെ ദൃശ്യങ്ങള്‍, മറ്റ് സാഹചര്യങ്ങള്‍ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കൂടാതെ എങ്ങനെ അപകടമുണ്ടായി എന്ന കാര്യവും ക്രിത്യമായി റിപ്പോട്ടില്‍ പരാമര്‍ശിക്കും എന്നാണ് സൂചന.